കഥകൾ (തകഴി)
തകഴി ശിവശങ്കരപ്പിള്ള എന്ന മഹാകാഥികനെ മലയാളിയുടെ മനസ്സിൽ അടയാളപ്പെടുത്തിയ ചെറുകഥകളുടെ സമാഹാരമാണിത്. ആദ്യകാല മലയാള സാഹിത്യത്തിലെ പദ്യപ്രാമാണ്യ കാലാവസ്ഥയിൽനിന്നും ഗദ്യകഥാസാഹിത്യത്തെ ഉൾകൊള്ളുന്ന ആസ്വാദിക്കുന്ന ഒരു തലമുറ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കഥാകാരന്മാരിൽ പ്രധാനിയായിരുന്നു തകഴി. തകഴിയുടെ കൃതികളിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളത്തിന്റെ ചിത്രത്തെ ചരിത്രത്തെ നമുക്ക് വായിച്ചെടുക്കാനാവും. വെള്ളപ്പൊക്കത്തിൽ, സ്ഥലംമാറ്റം, മാഞ്ചുവട്ടിൽ, പട്ടാളക്കാരൻ, വെളുത്തകുഞ്ഞ്, നിത്യകന്യക, അസ്ഥികൂടത്തിന്റെ കഥ തുടങ്ങി തകഴിയുടെ പ്രസിദ്ധ കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ചുറ്റുപാടിന്റെ സുന്ദരമായ ആവിഷ്കാരമാണ് തകഴിയുടെ കഥകൾ. അതിൽ മനുഷ്യർ മാത്രമല്ല ഇതരജീവികളും കേന്ദ്രകഥാപാത്രങ്ങളായി കടന്നു വരുന്നു. മനുഷ്യേതരജന്തുക്കളുടെ വികാരവിചാരങ്ങളെ കാണാനും അത്യധികം സുന്ദരമായി അതിനെ ചിത്രീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.പ്രളയത്തിൽ നിസ്സഹായനായ ഒരു നായയുടെ കഥപറയുന്ന 'വെള്ളപ്പൊക്കത്തിൽ' എന്ന കഥ അതിനുദാഹരണമാണ്. കഥകളോരോന്നും എടുത്തു പരിശോധിക്കുകയാണെങ്കിൽ ഒത്തിരി പറയാനുണ്ട് 'മാഞ്ചോട്ടിൽ' എന്ന കഥയിലൂടെ മാറുന്ന കാലത്തിൽ മാറുന്ന മനുഷ്യനെയും എന്നാൽ ഒരിക്കലും മാറാത്ത ചില മനുഷ്യ ജീവികളെയും അദ്ദേഹം വരച്ചിടുന്നു. അങ്ങനെ സമൃദ്ധവും വൈവിധ്യം നിറഞ്ഞതുമാണ് തകഴിയുടെ രചനാലോകം. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെയും സദാചാരപരവും ലൈംഗികവുമായ കാപട്യങ്ങളെയും തൻറെ കഥകളിലൂടെ അദ്ദേഹം വിമർശനാത്മകമായി അപഗ്രഥിച്ചു. മലയാളസാഹിത്യത്തിൽ ചെറുകഥ എന്ന പുതിയ ഒരു രചനാപഥം ജനകീയമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. തലമുറകളുടെ പതിവ് രചനാക്രമങ്ങളിൽ നിന്നും മാറി സഞ്ചരിച്ചതാണ് മലയാള സാഹിത്യത്തിൽ തൻറെ ഇടം രേഖപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചത്. പിന്നോക്കക്കാരുടെയും ദളിതരുടെയും പാവപ്പെട്ടവരുടെയും ഭാഷയിൽ അദ്ദേഹം സംസാരിച്ചു. ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് അദ്ദേഹം തൻറെ പേന ചലിപ്പിച്ചത്. പച്ച മണക്കുന്ന അദ്ദേഹത്തിൻറെ അക്ഷരങ്ങൾ വായനക്കാരനെ തളച്ചിടുന്നു.


No comments:
Post a Comment