ആയുസിന്റെ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനായി അദ്ധ്വാനിച്ച് ജീവിതത്തിന്റെ സായംസന്ധ്യയിൽ രോഗങ്ങളും മറ്റു പരസഹായങ്ങളും ആവശ്യമായി വരുമ്പോൾ എല്ലാ കഴിവുമുണ്ടായിരിക്കേ സ്വന്തം മക്കളും കുടുംബവും പരിചരിക്കാതെ ഒറ്റപ്പെടുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ്.
വാർദ്ധക്യം അപമാനമായി കാണുന്ന ഒരു നൂറ്റാണ്ടിലാണ് നാമിന്ന് ജീവിക്കുന്നത്.തന്നെ താനാക്കി മാറ്റിയ മാതാപിതാക്കൾ പ്രകൃതിയുടെ വികൃതിയിൽ വാർദ്ധക്ക്യത്തിലേക്ക് കടക്കുമ്പോൾ അവരെ പുറംകാല് കൊണ്ട് തൊഴിച്ച് പടിയടച്ച് പിണ്ടം വെക്കുന്ന ഒരു സമൂഹം എക്കാലത്തും വേദനാജനകമാണ്. അവർ തീർത്തും പ്രകൃതിയുടെ നിയമങ്ങളെ കുറിച്ച് അജ്ഞരാണ്. താനും,ബാല്യവും കൗമാരവും താണ്ടി യുവത്വത്തിലൂടെ വാർദ്ധക്യത്തിലേക്ക് കടക്കേണ്ടവരാണെന്ന വസ്തുത തിരസ്കരിച്ച് ജീവിച്ചാൽ, വിവാഹമെന്ന അവന്റെ സ്വപ്നത്തിലൂടെ അവന് ഒരു കുട്ടി ഉണ്ടാവുകയും ആ കുട്ടിയുടെ വൃദ്ധരായ മുത്തച്ഛൻമാരേയും മുത്തശ്ശിമാരേയും അവഗണിക്കുകയും പുറത്താക്കുകയും ചെയ്താൽ, അവന്റെ മകനും അത്തരത്തിൽ തന്നോട് പെയ്യുമല്ലോ എന്ന തിരിച്ചറിവ് അവന് നല്ലതാണ്.
അല്ലങ്കിൽ തന്നെ അവർ കൊണ്ട വെയിലുകളാണ് തണലുകളായി നാമിന്നനുഭവിക്കുന്നത്. അവർ ചെയ്ത സുകൃതവും നന്മയും ആണ് നാമിന്ന് ആസ്വദിച്ച് കൊണ്ടിരിക്കന്നത്.
വാർദ്ധക്യം ശാപമായി കണ്ട് കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് വൃദ്ധസദനങ്ങളിൽ പോലും സ്ഥലം തികയാതെ കടത്തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്ന വൃദ്ധ ദമ്പതികൾ ഏറെയാണ്.
നീ നീ ആയതിന് ശേഷം നിന്നിലെ കഴിവും ഉപകാരവും കണ്ട് ആട്ടിൻതോലണിഞ്ഞ ചെന്നായ യെ പോലെ നിന്റെ കൂടെ കൂടിയ ആളുകൾക്ക് വേണ്ടി നീ ഒന്നുമല്ലാതിരുന്ന കാലത്ത് നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തവരെ കറിവേപ്പിലയുടെ സ്ഥാനം നൽകി അവഗണിക്കുമ്പോൾ ഓർക്കേണ്ടത് ഒന്നുകിൽ വാർദ്ധക്യത്തിന് മുന്നേ മരിക്കാൻ ആഗ്രഹിക്കുക, അല്ലേൽ എല്ലാ ദുഃഖവും അടക്കിപിടിച്ച് അവഗണനയും കുറ്റപ്പെടുത്തലുകളും ഏറ്റ് വാങ്ങി വാർദ്ധക്ക്യ ക്കാലത്ത് ഒറ്റപ്പെട്ട് കഴിയുക.
ചെറുപ്പകാലത്ത് മാതാപിതാക്കളുടെ മടിയിൽ അഭയം പ്രാപിച്ച് കഥയും മറ്റും ക്കേട്ട് രസിച്ചുറങ്ങിയ നമ്മുക്ക് വാർദ്ധക്യകാലത്ത് അവരോടൊത്തിരിക്കാനോ അവരുമായി സംസാരിക്കാനോ നമ്മുക്ക് സമയം കിട്ടാറില്ല; കാരണം അവർ നമ്മേ പഠിപ്പിച്ച് വലുതാക്കി ജോലിക്കിട്ടുന്നത് വരെ നമ്മേ കഷ്ടപ്പെട്ട് വളർത്തി ഒരു നിലയിലെത്തിച്ചപ്പേൾ, ആ ഉദ്യോഗം നമ്മേ നമ്മുടെ മാതാപിതാക്കളിൽ നിന്ന് ഒരുപാട് അകറ്റി.
മാതാപിതാക്കൾ വീടിനൈശ്വര്യമാണന്ന ദിവ്യ വചനങ്ങളെ കേവല ഭൗതിക സുഖങ്ങൾക്ക് വേണ്ടി മാറ്റി നിർത്തപ്പെടുമ്പോൾ സംഭവിക്കുന്നത് ഒരു സംസ്കാരത്തിന്റെ അപചയമാണ്.തുടർന്നങ്ങോട്ടുള്ള തലമുറകൾ ആ രീതിയിൽ സംസ്കാര വ്യതിയാനങ്ങളിലേക്ക് ചിന്തിക്കും. പിന്നീട് മാതാപിതാക്കൾ എന്നത് കേവലം ജന്മം നൽകാനും കുറച്ച് വർഷത്തേക്കുള്ള പണ സമ്പാധന യന്ത്രവുമായി പരിഗണിക്കപ്പെടുകയും ചെയ്യും.
ഹോസ്റ്റൽ സമ്പ്രദായം വൃദ്ധസദനത്തിലേക്കുള്ള ഹേതുവാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹോസ്റ്റലിൽ
പഠിച്ചുവളരുന്ന കുട്ടികൾ ചെറുപ്പത്തിലേ സ്വയം പര്യപ്തത കൈവരിക്കലോട് കൂടി, തന്നെ വളരേ ചെറുപ്പത്തിൽ ഹോസ്റ്റലിൽ തളച്ചിട്ട മാതാപിതാക്കളുടെ ആവിശ്യം തുടർന്നങ്ങോട്ടുള്ള ജീവിതത്തിന് വേണ്ട എന്ന ചിന്തയിലേക്ക് അവൻ എത്തിച്ചേരും. ആറും അറുപതും ഒരുപോലെയാണ് എന്ന ആധുനിക തത്വമനുസരിച്ച്, തന്നെ ആറ് വയസ്സുള്ളപ്പോൾ സുഖ ജീവിതത്തിനായി ഹോസ്റ്റലിൽ പറഞ്ഞയച്ച മാതാപിതാക്കളെ അറുപത് വയസ്സാകുമ്പോൾ സുഖജീവിതത്തിനായി വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കാൻ താൽപര്യപ്പെടുന്നു. അതിൽ അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവൻ പഠിച്ച സംസ്കാരം അതാണ്. അവൻ ചെയ്യുന്നതും മാതാപിതാക്കളുടെ സുഖജീവിതത്തിനാണ് !!!
എന്നിരുന്നാലും പാർശ്വവൽകരിക്കപ്പെട്ട വൃദ്ധ ദമ്പതികളെ സ്മരിക്കാനും അവരെ വർഷത്തിലൊരിക്കൽ സന്തോഷിപ്പിക്കാനും 1991 മുതൽ ഐക്യരാഷട്ര സഭ അനുവർത്തിച്ച് പോരുന്ന ഒക്ടോബർ - 1 എന്ന ദിനമുള്ളതിനാൽ മാറാല പിടിച്ച് കിടക്കുന്ന വൃദ്ധസദനത്തിലേക്ക് അൽപം വിദ്യാർത്ഥികളും ചില സാമൂഹ്യ അഭ്യൂദയകാംക്ഷികളും കടന്ന് വരുന്നുണ്ട്. സ്വന്തം ബീജത്തിലുള്ള മക്കളല്ലങ്കിലും മക്കളുടെ ധർമ്മം നിറവേറ്റുന അത്തരക്കാരാണ് നമ്മുടെ നാടിന്റെ ഇനിയും മരിച്ചിട്ടില്ലാത്ത നന്മയുടെ പ്രതീകങ്ങൾ.
വൃദ്ധമാതാപിതാക്കൾ സന്തോഷത്തോടെ ജീവിക്കുന്ന വീടുണ്ടങ്കിൽ ആ വീടത്രെ സ്വർഗ്ഗം....
സ്വർഗ്ഗഭൂമിയാക്കി നമ്മുടെ വീടുകളെ മാറ്റാൻ സർവ്വശക്തൻ സഹായിക്കട്ടെ
![]() |
| മുഹമ്മദ് മുസ്തഫ കെ.ടി ആലുവ |

No comments:
Post a Comment