Sunday, 30 September 2018

പഥേർ പാഞ്ചാലി...... പാതയുടെ സംഗീതം.


( ബിഭൂതിഭൂഷൺ ബന്ത്യോപദ്ധ്യായ)

ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസം എന്ന പേരിലറിയപ്പെടുന്ന കൃതിയാണ് പഥേർ പാഞ്ചാലി. ബിഭൂതിഭൂഷന്റെ മാസ്റ്റർ പീസായ ഈ കൃതി പ്രസിദ്ധീകൃതമായതോടെ അദ്ധേഹം ബംഗാളി സാഹിത്യത്തിലെ വിഖ്യാതനായി. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ ഗദ്യത്തിലായാലും പദ്യത്തിലായാലും പഥേർ പാഞ്ചാലിക്കു സദൃശ്യമായി ഒരു കൃതിയുമില്ല. വളരെ സുന്ദരവും ലളിതവുമാണ് ഇതിലെ ആഖ്യാനശൈലി.പ്രകൃതിയെ ഇത്രമേൽ ആഴമേറിയ ഭാവനകളിലേക്ക് കൊണ്ടു പോകുന്ന കൃതികൾ വളരെ വിരളമാണ്.ഒരു പക്ഷെ ഇതിലെ കേന്ദ്ര കഥാപാത്രങ്ങളേക്കാളും കഥകളേക്കാളും പ്രാധാന്യം ഇതിലെ പ്രകൃതി വർണ്ണനക്കാണ് എന്ന് വായനക്കാർ അഭിപ്രായപെട്ടേക്കാം.

വശ്യമായ പ്രകൃതി വർണ്ണനയ്ക്കു ഒരു ഉദാഹരണം നോക്കാം  ''വഴിയരികിലെ മൈതാനം ആഞ്ഞിലി, പാല, എടന, തുടങ്ങിയ മരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. എല്ലാ മരങ്ങളിലും പടർന്നു കയറിയ മുണ്ടവള്ളി വലിയ ഇലകൾ കൊണ്ടു കടമുതൽ തുമ്പുവരെ മരങ്ങളെ പൊതിഞ്ഞു സർവ്വത്ര പച്ചനിറം നൽക്കുന്ന .അവ കോളാമ്പിപോലെയുള്ള പൂക്കൾ സൂര്യനു നേരെ മലർത്തിവെച്ചിരിക്കുന്നു. പോക്കുവെയിലിന്റെ കാന്തി, പക്ഷികളുടെ കൊഞ്ചൽ -എവിടേയും  കാണാം പ്രകൃതി നാലുപാടും വാരിവിതറയിരിക്കുന്ന ഐശര്യം". ഇതിലപ്പുറം അവിടെയുള്ള പ്രകൃതിയെ വർണ്ണിക്കാൻ ഒരു പക്ഷെ നമ്മുക്കാവില്ല. നേരിട്ടു കാണുന്നതിനേക്കാൾ അനുഭൂതി വിശേഷങ്ങൾ അവ വായനക്കാർക്കു നൽകുന്നു.

അപ്പു എന്ന കൊച്ചുബാലന്റെ അനുഭവങ്ങളാണ് ഈ കൃതിയുടെ കഥാകേന്ദ്രം. ഒരു കൊച്ചു ബ്രഹ്മണ കുടുമ്പത്തിൽ ജനിക്കുന്ന അപ്പു ആ വീട്ടിലെ കണ്ണിലുണ്ണിയായി മാറുന്നു. അവനെന്തു കുസൃതി കാണിച്ചാലും സ്നേഹത്തോടെ മാത്രമെ അമ്മ അവനോട് പെരുമാറിയിരുന്നുള്ളു. അപ്പുവിനു തന്റെ അമ്മയേക്കാൾ ഇഷ്ടം ചേച്ചി ദുർഗ്ഗയോടായിരുന്നു. തന്നേക്കാൾ നാല് വയസ് പ്രായമായ ചേച്ചി എന്തിനേക്കാളും അവനെ സ്നേഹിക്കുന്നു എന്നു അവനറിയാം. പകൽ മുഴുവൻ കറങ്ങി നടക്കുന്ന ചേച്ചിയുടെ പ്രധാന ജോലി കാട്ടിലെയും നാട്ടിലെയും മധുരമായ കായ്കനികൾ ശേഖരിച്ച് അപ്പുവിനു കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു. ഒരു അങ്ങളെയും പെങ്ങളും എത്രമാത്രം പരസ്പരം സ്നേഹിക്കാൻ കഴിയുമെന്നത് ഈ കൃതിയിൽ നമ്മുക്ക് കാണാം. അവസാനം രോഗഭാതിതയായി മരണശയ്യയിൽ ദുർഗ്ഗ കിടകുമ്പോൾ കഥയുടെ ഏറ്റവും വികാരനിർഭരമായ അവസ്ഥയിൽ വായനക്കാർ എത്തി ചേരുന്നു. മരണശയ്യയിൽ കിടന്നു അവസാനമായി ദുർഗ്ഗ അപ്പുവിനോട് പറഞ്ഞതു "എനിക്ക് തീവണ്ടി കാണിച്ചു തരുമോ "എന്നാണ്. കുരുന്നു മക്കളുടെ ഈ അകളങ്കമായ സ്നേഹപറച്ചിലുകളിൽ കണ്ണിമ നനയാത്ത വായനക്കാർ ഉണ്ടാകില്ല.
ഈ കൃതിയുടെ കഥയ്ക്കപ്പുറം ഒരു വലിയ സാമൂഹിക പശ്ചാതലത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഇന്ദിരാ ഠാകൂരൺ എന്ന വൃദ്ധയുടെ ജീവിതം ബ്രഹ്മണ വിധവകളുടെ ജീവിത പ്രതിസന്ധിയെ കുറിച്ച് നമ്മുക്ക് പറഞ്ഞു തരുന്നു.ചെറുപത്തിലെ ഭർത്താവ് മരിച്ച ഇന്ദിരയ്ക്കു പിന്നെ ജീവിതാന്ത്യത്തിൽ എല്ലാ അഭയങ്ങളും നഷ്ടപെടുകയും ചെയ്യുന്നു. ഗതിയില്ലാത്ത ആത്മാവിനെ പോലെ അവർ അഭയമില്ലാതെ അലഞ്ഞു. വഴിമദ്ധ്യേ തളർന്നുവീണു മരിക്കുന്നു.
അപ്പുവിന്റെ അച്ചൻ ഹരിഹരറായ് വലിയ ബ്രഹ്മണ കുടുമ്പത്തിലാണു ജനിച്ചെതെങ്കിലും ബ്രഹ്മണ അനന്തരവകാശ നിയമ പ്രകാരം സ്വത്ത് ലഭിക്കാതെ പോകുന്നു. ഇങ്ങനെയുള്ള ബ്രഹ്മണ കുടുമ്പങ്ങളുടെ ദാരിദ്ര്യം നിറഞ്ഞ സാമൂഹിക പശ്ചാതലങ്ങളിലേക്കും ഈ പുസ്തകം വിരൽ ചൂണ്ടുന്നു. ജാതി വ്യവസ്ഥ കാരണം താഴ്ന്ന ജാതിക്കാർ മാത്രമല്ല ബ്രഹ്മണർ പോലും അതിന്റെ ഭവിശ്യത്തിനു പാത്രമായവരായിരുന്നു എന്ന വസ്തുത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. ബിഭൂതിഭൂഷൺ ബന്ത്യോപ ദ്ധ്യായ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യ രംഗത്തിനു നൽകിയ ഈ കൃതി, അന്നത്തെ സാമൂഹിക രാഷ്ട്രീയ പരിസരത്തിനു  നൽകിയ സന്ദേശങ്ങൾ വിലമതിക്കാനാകാത്തതാണ്

സയ്യിദ് സാബിഖ് തങ്ങൾ



No comments:

Post a Comment