Sunday, 30 September 2018

ഈ ലോകം അതിലൊരു മനുഷ്യൻ


നോവൽ സാഹിത്യത്തിനുള്ള 1973-ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതിയാണ് എം മുകുന്ദന്റെ 'ഈ ലോകം അതിലൊരു മനുഷ്യൻ
' എന്ന നോവൽ. നഗര ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ വരച്ചുകാണിക്കുന്ന ഈ നോവൽ അപ്പു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മനുഷ്യനൊരുത്തന്റെ ദുരന്ത ജീവിതത്തെ ചിത്രീകരിക്കുന്നു. (സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻപിൽ ദുർബലനാകുന്ന മനുഷ്യൻ.. ഏകനായി ജനിച്ചിട്ടും മരിക്കുമെന്നറിഞ്ഞിട്ടും കൂട്ടില്ലാത്ത ജീവിതത്തിൽ  അപൂർണനാകുന്ന മനുഷ്യൻ.. എല്ലാറ്റിനും അപ്പുറം കാമാഗ്നിയിൽ നശിച്ചില്ലാതായിത്തീരുന്ന മനുഷ്യൻ..!)
ബന്ധങ്ങളുടെ അടുപ്പത്തിന്റെ അകൽച്ചയുടെ ഭിന്നമുഗങ്ങളെ നോവൽ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. ആയ ആയിരുന്ന നാൻസി മുതൽ റോസ്മേരി വരെ തന്റെ ഇഷ്ടങ്ങൾക്കുമുന്നിൽ സ്വാർത്ഥനാകുന്ന അപ്പുവിനെ നമുക്ക് കാണാം. നശിക്കാനും നശിപ്പിക്കാനും അവതരിച്ചവനാണവൻ കൊതിച്ചതൊന്നും പൂർണാർത്ഥത്തിൽ എത്തിപിടിക്കാനാകാതെ, തന്നെ പ്രതീക്ഷിക്കുന്നവരുടെ ദാഹം ക്ഷമിപ്പിക്കാനാകാതെ അവൻ ഒരു ദുരന്തപാത്രമായി മാറുന്നു.
മുന്നേ പ്രവചിക്കാൻ കഴിയാത്തവിധം ഗതിമാറി ഒഴുകുന്ന കഥയിൽ നാടകീയതകളുടെ തുരുത്തുകളൊന്നും രക്ഷക്കെത്താത്ത വേർപാടിന്റെ യാഥാർഥ്യങ്ങൾ കഥാവസാനം വരെ മൂകമായി നിഴലിട്ടിരിക്കുന്നു. മനുഷ്യനും ഈ ബന്ധങ്ങളും തികച്ചും വർത്തമാനത്തിലധിഷ്ടിതം തന്നെയെന്ന്  ഭൂതസ്മരണകൾ നോവലിൽ പല്ലിളിച്ചു കാട്ടുന്നുണ്ട്.
പുരുഷന്റെ ലൈംഗികതയെ സമ്പന്ധിച്ചിടത്തോളം തെറ്റിധരിച്ചേക്കാവുന്ന രീതിയിലാണ് അപ്പു എന്ന വ്യക്തിയെ മുകുന്ദൻ അവതരിപ്പിക്കുന്നത് തീയുടെ സൗന്ദര്യത്തിൽ വെന്തുമരിക്കുന്ന ഈയലുകളെ പോലെ ജീവിത ലഹരിയിൽ കരിഞ്ഞു തീരുന്ന മനുഷ്യജന്മങ്ങൾക്കാകട്ടെ ഈ സമർപ്പണം.. ശുഭം
ജാബിർ മലയമ്മ 
     

No comments:

Post a Comment